Thursday, August 2, 2012

ഇര

കയ്യിലൊരു പച്ച റാന്തലും മുഖമൂടി അണിഞ്ഞൊരു മുഖവുമായി അയാള്‍ ഇര തേടിയിറങ്ങി; ഇനി ഫെയ്സ്ബുക്കിലേക്ക്....

Monday, July 30, 2012

പുതുമൊഴി

വളര്ന്നു വരുന്ന പെണ്കുട്ടികളുള്ള വീട്ടില്വൈകിട്ടത്തെ ടി.വിസീരിയലുകള്വെയ്ക്കരുതെന്നു പുതുമൊഴി...!

Monday, February 6, 2012

പ്രണയ സാഫല്യം

സ്നഹേം തരാമെന്നു പറഞ്ഞപ്പോള്‍ അവള്‍ക്കു ഞാനെന്റെ ഹൃദയം നല്‍കി.
ജീവിതം പകുത്തു തരാമെന്നു പറഞ്ഞപ്പോള്‍ എല്ലാ സമ്പാദ്യവും നല്‍കി.
അവസാനം എന്റെ കീശ കാലിയായപ്പോള്‍ അവളെ കാണാന്‍ എനിക്ക് മഷിയിട്ടു നോക്കേണ്ടി വന്നു.
എന്നിട്ടും ഞാനവളെ സ്നേഹിച്ചു....
ഒടുവില്‍, എനിക്ക് പ്രണയ സാഫല്യമേകാന്‍, ഒന്നര കൊല്ലത്തിനു ശേഷം അവളെന്നെ തേടി വരിക തന്നെ ചെയ്തു; അവള്‍ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനൊരച്ഛനെ വേണമെന്ന്....

Sunday, February 5, 2012

ലക്‌ഷ്യം

അവള്‍ ശാന്തമായി ഉറങ്ങുകയായിരുന്നു.
തുറന്നിട്ട ജാലകത്തിലൂടെ , നറും നിലാവ് അവളെ എത്തി നോക്കിക്കൊണ്ടേയിരുന്നു.
മൂളിപ്പാട്ടുമായി എത്തിയ ഒരിളം തെന്നല്‍, അലസമായി കിടന്ന പുതപ്പിനടിയിലൂടെ അവളെ പുല്‍കാന്‍ വെമ്പല്‍ കൊണ്ടു.
ലാവണ്യം തുളുമ്പി നിന്ന അവളുടെ മുഖത്തെ ചെഞ്ചുണ്ടുകള്‍ കവര്‍ന്നെടുക്കാന്‍ എന്റെ ഹൃദയം ത്രസിച്ചു.
എങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചു കാരണം എന്റെ ലക്‌ഷ്യം അലമാരയിലെ ആഭരണങ്ങളും അടുക്കളയിലെ കിണ്ടിയും
മൊന്തയുമായിരുന്നല്ലോ...!!
Wednesday, January 11, 2012

ഡെഡ് ലോക്ക്

ഞാന്‍ നന്നാവണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കണം.
ഒന്ന്, നീ നന്നാവണം....
രണ്ട്, ഞാന്‍ ചിന്തിക്കുന്ന പോലെ തന്നെ നീയും ചിന്തിക്കണം..

Sunday, January 8, 2012

അവിഹിതം

ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അവിഹിതം എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിച്ചത്‌.. അതവളെ പലപ്പോഴും വേദനിപ്പിച്ചിരുന്നു. അപ്പോഴൊക്കെ, 'അവിഹിതം' എന്നാല്‍ അവര്‍ക്ക് ഹിതമല്ലാത്തത് എന്നാണെന്നും നമുക്കത് ഹിതമാണെന്നും പറഞ്ഞ് ഞാനവളെ മനസിലാക്കി. ഞങ്ങളുടെ ഗാഡമായ അടുപ്പം ഇല്ലാതാക്കാന്‍ നാട്ടുകാര്‍ക്കെന്നല്ല , അവളുടെ കെട്ടിയവന് പോലും സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ മനം കുളിര്‍ത്തു. എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവള്‍ ചോദിച്ചു..

"നിന്റെ കല്യാണം കഴിഞ്ഞാലും നീ എന്നെ സ്നേഹിക്കില്ലേ...?"

ആരെ കല്യാണം കഴിച്ചാലും അവളെന്നും എന്റേത് മാത്രമെന്ന് പറഞ്ഞ് അവളുടെ നീണ്ട മുടിയില്‍ തഴുകവേ, അന്ന് അവള്‍ എനിക്കും അവിഹിതമാകുമല്ലോ എന്ന് ഞാനറിയാതെ മനസിലോര്‍ത്തു...!!

Monday, January 2, 2012

മഹാഭാരതം

ഇത്രയും നാള്‍ ഞാന്‍ നന്നാവില്ലാ എന്നായിരുന്നു എല്ലാവര്ക്കും പരാതി. അത് കൊണ്ട് തന്നെ ഞാന്‍ മഹാഭാരതം വായിച്ചു നന്നാവാന്‍ തീരുമാനിച്ചു. ഇനിയും ഞാന്‍ നന്നായില്ലേല്‍ അതെന്റെ കുഴപ്പമല്ല; മഹാഭാരതത്തിന്റെ കുഴപ്പമാണ്....!!

Wednesday, December 28, 2011

പ്രണയം ഒരു വാക്ക്...

അതിരുകള്‍ ഇല്ലാത്ത എന്റെ പ്രണയത്തിന്റെ നിഴലാണ് ആകാശമെങ്കില്‍,
ഏഴുജന്മങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ നെയ്ത സ്വപ്നങ്ങളാണ് ഏഴുകടലുകളെങ്കില്‍,
നിന്നോട് ഞാന്‍ പറയാന്‍ ബാക്കിവെച്ച വാക്കുകള്‍ ആണ് ഓരോ തിരകളും.....!!

Tuesday, December 27, 2011

പ്രണയം

നിന്നോടുള്ള എന്റെ പ്രണയം ഉപമകള്‍ ഇല്ലാത്തതും പകരം വെയ്ക്കാനാവാത്തതുമാണ്...
നീ മരിച്ചാല്‍ പോലും എന്റെ പ്രണയം തുടരുക തന്നെ ചെയ്യും...; മറ്റൊരുവളെ പ്രണയിച്ചു കൊണ്ട്...!!

Tuesday, December 6, 2011

ഭാര്യ

ഞാന്‍ മരിച്ചാല്‍ നീ എന്ത് മാത്രം കരയും എന്ന് ചോദ്യത്തിന്, അത് നിന്റെ ബാങ്ക് ബാലന്‍സിന്റെ കനത്തിനനുസരിച്ചായിരിക്കുമെന്ന് കൂസലന്യേ അവള്‍ മറുപടി പറഞ്ഞപ്പോള്‍, ആകെയുള്ള സമ്പാദ്യമായ ബാങ്ക് വായ്പ അടച്ച് തീര്‍ക്കും മുന്‍പെങ്ങാനും ഞാന്‍ മരിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്തുള്ള ആധിയിലായിരുന്നു മനസ്സ്.....!!!

Sunday, November 27, 2011

രാജകുമാരന്‍

ഒരു രാജകുമാരനെപ്പോലെ പോലെ വന്നു വേണം തന്നെ പെണ്ണ് ചോദിക്കാനെന്നു അവള്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് അയാള്‍ മണലാരണ്യത്തിലേക്ക് ചേക്കേറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് നിറയെ സ്വപ്നങ്ങളും കൈ നിറയെ കാശുമായി അയാള്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ ചോദിച്ചു.

"നരച്ചിരിക്കുന്നത് നിന്റെ മുടി മാത്രമോ അതോ മനസ്സും അങ്ങനെ ആണോ ? "

ഒന്നും മിണ്ടാനാവാതെ, അവളുടെ അടക്കിയുള്ള ചിരി കേട്ട് പിന്തിരിഞ്ഞ് നടക്കവേ, പൊയ്പോയ നാളുകളില്‍ അവള്ക്കയച്ച് കൊടുത്ത ഒട്ടകത്തിന്റെ ഗന്ധമുള്ള അനേകം സമ്മാനങ്ങള്‍ അയാളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു....

Friday, November 25, 2011

കാത്തിരുപ്പ്

നിലാവ് പെയ്യുന്ന രാത്രിയില്‍, ഇടവഴിയിലെ ഇലഞ്ഞിമരച്ചുവട്ടില്‍ അവള്‍ക്കായി കാത്തിരിക്കവേ നാട്ടില്‍ പുലിയിറങ്ങിയ കാര്യം മാത്രം അവളെന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല...!!!

Tuesday, November 1, 2011

മഴ

അവളെയാണോ മഴയെ ആണോ ഞാന്‍ ഏറ്റവുമധികം പ്രണയിക്കുന്നതെന്ന് അവളെന്നോട് ചോദിച്ചു. മഴയത്ത് നനഞ്ഞൊട്ടി നില്‍ക്കുന്ന അവളെയാണ് ഏറ്റവുമധികം പ്രണയിക്കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു...

മഴയുടെ സംഗീതം

മഴയുടെ സംഗീതം ആസ്വദിച്ച് നിങ്ങള്‍ എന്നെങ്കിലും നൃത്തച്ചുവടുകള്‍ വെച്ചിട്ടുണ്ടോ?
മഴയില്‍ ആലിപ്പഴം പെയ്യാതിരിക്കുമ്പോള്‍ എന്നെങ്കിലും നിങ്ങള്‍ മഴയോട് പരിഭവിച്ചിട്ടുണ്ടോ ?
വേദനകളും ദുഖങ്ങളും മറന്ന് ഒരു കൊച്ചു കുട്ടിയായി ആയി മാറാന്‍ മഴ പെയ്യുന്നതും കാത്ത് ഞാന്‍ ഇന്നും ഇരിക്കാറുണ്ട്.....!!

ഒറ്റ മുള്ളുള്ള റോസ്

എന്റെ സ്വപ്നങ്ങളുടെ പൂന്തോട്ടത്തില്‍ ഒരു ഒറ്റ മുള്ളുള്ള റോസ് ചെടി ഉണ്ടായിരുന്നു.
അതില്‍ വിരിയുന്ന ഓരോ പൂവിലും പകുതി റോസും പകുതി വെള്ളയും നിറങ്ങള്‍ ആയിരുന്നു.
ആ പൂക്കളിലെ പാതി ഞാനും മറുപാതി അവളും ആണെന്ന് ഞാന്‍ കരുതി; ഇന്നലെ അവള്‍ ചുവടോടെ ആ റോസ് ചെടി പിഴുതെറിയുന്നത് വരെ...

ആത്മാവ്

എന്റെ ആത്മാവിന്റെ സ്ക്രൂ വരെ ഇളകിക്കിടക്കുകയാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു; എന്റെ ആത്മാവ് എനിക്ക് നഷ്ടപ്പെട്ടില്ലല്ലോ എന്നോര്‍ത്ത്...

പെണ്മനസ്

നിങ്ങള്‍ ഒരു വില്ലാളി വീരനാകാം. വീരശൂര പരാക്രമിയാകാം. അനേകം യുദ്ധങ്ങള്‍ ജയിച്ചവനുമാകാം. എന്നിരുന്നാലും ഒരു പെണ്മനസ് കീഴ്പെടുത്താന്‍ ചിലപ്പോള്‍ നിങ്ങള്‍ക്കായെന്ന്‍ വരില്ല.

പ്രണയം

പ്രണയം ദുഖമാണുണ്ണീ, വണ്‍വെയല്ലോ സുഖപ്രദം - ബ്ലോഗ്ഗര്‍ മഹേഷ്‌

കാ‍ന്താരി മുളക്

പഴംകഞ്ഞിക്കു കൂട്ടാന്‍ കാ‍ന്താരി മുളക് വേണമെന്ന് അവള്‍ എന്നോട് പറഞ്ഞു.
കോട്ടയം ചന്ത മുഴുവന്‍ കറങ്ങിയിട്ടും ഒന്നരക്കിലോ കാന്താരിയെ ഇതുവരെ കിട്ടിയുള്ളൂ. ഇനി എന്ത് ചെയ്യും??

ചെരുപ്പ്

കഴിഞ്ഞ ആറ് വര്‍ഷമായി എന്റെ സന്തത സഹചാരിയായിരുന്ന പാരഗണ്‍ റബ്ബര്‍ ചെരുപ്പിന്റെ വള്ളി പൊട്ടിയ കാര്യം ഞാന്‍ വ്യസനത്തോടെ അറിയിക്കുന്നു. പോയ്‌ പോയ വര്‍ഷങ്ങളില്‍ ഞാന്‍ ചാടിയ എല്ലാ കുഴികളിലും എന്നോടൊപ്പം ചാടിയ എന്റെ പ്രിയപ്പെട്ട ചെരുപ്പിന്റെ വിയോഗത്തില്‍ ഞാന്‍ അതീവ ദുഖിതനാണ്....