Sunday, November 27, 2011

രാജകുമാരന്‍

ഒരു രാജകുമാരനെപ്പോലെ പോലെ വന്നു വേണം തന്നെ പെണ്ണ് ചോദിക്കാനെന്നു അവള്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് അയാള്‍ മണലാരണ്യത്തിലേക്ക് ചേക്കേറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് നിറയെ സ്വപ്നങ്ങളും കൈ നിറയെ കാശുമായി അയാള്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ ചോദിച്ചു.

"നരച്ചിരിക്കുന്നത് നിന്റെ മുടി മാത്രമോ അതോ മനസ്സും അങ്ങനെ ആണോ ? "

ഒന്നും മിണ്ടാനാവാതെ, അവളുടെ അടക്കിയുള്ള ചിരി കേട്ട് പിന്തിരിഞ്ഞ് നടക്കവേ, പൊയ്പോയ നാളുകളില്‍ അവള്ക്കയച്ച് കൊടുത്ത ഒട്ടകത്തിന്റെ ഗന്ധമുള്ള അനേകം സമ്മാനങ്ങള്‍ അയാളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു....

Friday, November 25, 2011

കാത്തിരുപ്പ്

നിലാവ് പെയ്യുന്ന രാത്രിയില്‍, ഇടവഴിയിലെ ഇലഞ്ഞിമരച്ചുവട്ടില്‍ അവള്‍ക്കായി കാത്തിരിക്കവേ നാട്ടില്‍ പുലിയിറങ്ങിയ കാര്യം മാത്രം അവളെന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല...!!!

Tuesday, November 1, 2011

മഴ

അവളെയാണോ മഴയെ ആണോ ഞാന്‍ ഏറ്റവുമധികം പ്രണയിക്കുന്നതെന്ന് അവളെന്നോട് ചോദിച്ചു. മഴയത്ത് നനഞ്ഞൊട്ടി നില്‍ക്കുന്ന അവളെയാണ് ഏറ്റവുമധികം പ്രണയിക്കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു...

മഴയുടെ സംഗീതം

മഴയുടെ സംഗീതം ആസ്വദിച്ച് നിങ്ങള്‍ എന്നെങ്കിലും നൃത്തച്ചുവടുകള്‍ വെച്ചിട്ടുണ്ടോ?
മഴയില്‍ ആലിപ്പഴം പെയ്യാതിരിക്കുമ്പോള്‍ എന്നെങ്കിലും നിങ്ങള്‍ മഴയോട് പരിഭവിച്ചിട്ടുണ്ടോ ?
വേദനകളും ദുഖങ്ങളും മറന്ന് ഒരു കൊച്ചു കുട്ടിയായി ആയി മാറാന്‍ മഴ പെയ്യുന്നതും കാത്ത് ഞാന്‍ ഇന്നും ഇരിക്കാറുണ്ട്.....!!

ഒറ്റ മുള്ളുള്ള റോസ്

എന്റെ സ്വപ്നങ്ങളുടെ പൂന്തോട്ടത്തില്‍ ഒരു ഒറ്റ മുള്ളുള്ള റോസ് ചെടി ഉണ്ടായിരുന്നു.
അതില്‍ വിരിയുന്ന ഓരോ പൂവിലും പകുതി റോസും പകുതി വെള്ളയും നിറങ്ങള്‍ ആയിരുന്നു.
ആ പൂക്കളിലെ പാതി ഞാനും മറുപാതി അവളും ആണെന്ന് ഞാന്‍ കരുതി; ഇന്നലെ അവള്‍ ചുവടോടെ ആ റോസ് ചെടി പിഴുതെറിയുന്നത് വരെ...

ആത്മാവ്

എന്റെ ആത്മാവിന്റെ സ്ക്രൂ വരെ ഇളകിക്കിടക്കുകയാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു; എന്റെ ആത്മാവ് എനിക്ക് നഷ്ടപ്പെട്ടില്ലല്ലോ എന്നോര്‍ത്ത്...

പെണ്മനസ്

നിങ്ങള്‍ ഒരു വില്ലാളി വീരനാകാം. വീരശൂര പരാക്രമിയാകാം. അനേകം യുദ്ധങ്ങള്‍ ജയിച്ചവനുമാകാം. എന്നിരുന്നാലും ഒരു പെണ്മനസ് കീഴ്പെടുത്താന്‍ ചിലപ്പോള്‍ നിങ്ങള്‍ക്കായെന്ന്‍ വരില്ല.

പ്രണയം

പ്രണയം ദുഖമാണുണ്ണീ, വണ്‍വെയല്ലോ സുഖപ്രദം - ബ്ലോഗ്ഗര്‍ മഹേഷ്‌

കാ‍ന്താരി മുളക്

പഴംകഞ്ഞിക്കു കൂട്ടാന്‍ കാ‍ന്താരി മുളക് വേണമെന്ന് അവള്‍ എന്നോട് പറഞ്ഞു.
കോട്ടയം ചന്ത മുഴുവന്‍ കറങ്ങിയിട്ടും ഒന്നരക്കിലോ കാന്താരിയെ ഇതുവരെ കിട്ടിയുള്ളൂ. ഇനി എന്ത് ചെയ്യും??

ചെരുപ്പ്

കഴിഞ്ഞ ആറ് വര്‍ഷമായി എന്റെ സന്തത സഹചാരിയായിരുന്ന പാരഗണ്‍ റബ്ബര്‍ ചെരുപ്പിന്റെ വള്ളി പൊട്ടിയ കാര്യം ഞാന്‍ വ്യസനത്തോടെ അറിയിക്കുന്നു. പോയ്‌ പോയ വര്‍ഷങ്ങളില്‍ ഞാന്‍ ചാടിയ എല്ലാ കുഴികളിലും എന്നോടൊപ്പം ചാടിയ എന്റെ പ്രിയപ്പെട്ട ചെരുപ്പിന്റെ വിയോഗത്തില്‍ ഞാന്‍ അതീവ ദുഖിതനാണ്....

ദുഃഖം

ദുഖത്തിന്റെ നേര്‍ത്ത ഈരടികള്‍ അകലെ കേട്ട് തുടങ്ങുന്നത് വരെ ഇനി എനിക്ക് ചിരിക്കാന്‍ സമയം ഉണ്ട്...........

പറന്നുപോയ ഹൃദയം

ഇന്നലത്തെ ശക്തമായ കാറ്റിലും കോളിലും പെട്ട് എന്റെ ഹൃദയം പറന്നുപോയി. കണ്ടു കിട്ടുന്നവര്‍ എത്രയും പെട്ടന്ന് തൊട്ടടുത്തുള്ള ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെ ഏല്‍പ്പിക്കുവാന്‍ അപേക്ഷിക്കുന്നു.....ഹൃദയത്തിലേക്ക് ഒരമ്പ്

ഞാന്‍ അവളുടെ ഹൃദയത്തിലേക്ക് ഒരമ്പ് എയ്തു....
പക്ഷെ അവളുടെ കാമുകന്‍ തേര് താഴ്ത്തിയതിനാല്‍ അത് ചെന്ന് കൊണ്ടത്‌ അടുത്ത വീട്ടിലെ ചക്കി പൂച്ചക്കാണ്.
ഇപ്പോള്‍ അതെന്റെ പിറകെ വിടാതെ കൂടിയിരിക്കുകയാണ്. ഇനി ഞാന്‍ എന്ത് ചെയ്യും????

നിന്നെപ്പോലെ....

ഞാന്‍ നിന്നെപ്പോലെ നിന്റെ പോസ്റ്റിനെയും പ്രണയിക്കുന്നു - ബ്ലോഗ്ഗര്‍ മഹേഷ്‌


ഇന്ന് എന്റെ ദുഖങ്ങള്‍ക്ക്‌ അവധിയാണ്...!!


ഇന്നെന്റെ സിരകളിലൂടെ ഒഴുകുന്നത്‌ പ്രണയത്തിന്റെ കയ്പ്പ്നീരാണ്...!!